രാശികൾ: മേടം / ഏരീസ്
ഭൂമിക്ക് ചുറ്റുമായി 360 ഡിഗ്രിയിൽ കാണുന്ന ആകാശത്തെ, ജ്യോതിഷത്തിൽ 30 ഡിഗ്രി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇവയാണ് രാശികൾ / zodiac signs. അതുപോലെ, ഭാരതീയ ജ്യോതിഷത്തിൽ, 360 ഡിഗ്രി ആകാശത്തെ 13.33 ഡിഗ്രി വീതമുള്ള 27 നക്ഷത്രങ്ങളായും വേർതിരിച്ചിട്ടുണ്ട്. അപ്പോൾ, ഓരോ രാശിയിലും 2 1/4 നക്ഷത്രങ്ങൾ. ആകാശത്തിൽ, സൂര്യചന്ദ്രന്മാരുടെയും മറ്റു ഗ്രഹങ്ങളുടെയും സ്ഥാനങ്ങൾ നിർണ്ണയിക്കുന്നത് രാശികളെയും, നക്ഷത്രങ്ങളെയും അടിസ്ഥാനമാക്കിയാണ്.
ഭാരതീയ ജ്യോതിഷവും, പാശ്ചാത്യ ജ്യോതിഷവും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിൽ ഒന്ന് നമ്മൾ ചന്ദ്രന്റെ സ്ഥാനത്തിന് (Moon Sign) കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോൾ, അവർ സൂര്യന്റെ സ്ഥാനത്തിന് (Sun Sign) പ്രാധാന്യം കൊടുക്കുന്നു. ഭാരതീയ ജ്യോതിഷത്തിൽ, ഒരാൾ ജനിക്കുമ്പോഴുള്ള ചന്ദ്രന്റെ രാശിയാണ് ജന്മരാശിയെങ്കിൽ, പാശ്ചാത്യ ജ്യോതിഷത്തിൽ സൂര്യന്റെ രാശിയാണ് ജന്മരാശി. ജീവിതപ്രവചനങ്ങളിൽ, കൂടുതൽ ആധികാരികതയും, കൃത്യതയും ഭാരതീയ ജ്യോതിഷത്തിനാണ്.
പന്ത്രണ്ട് രാശികളിൽ, ആദ്യത്തേതാണ് മേടം (Aries). മേടത്തിൽ ആദ്യരണ്ട് നക്ഷത്രങ്ങളും (അശ്വതി, ഭരണി) മൂന്നാമത്തേതിന്റെ (കാർത്തിക) കാൽഭാഗവും. ഒരാൾ ജനിക്കുമ്പോൾ, ചന്ദ്രന്റെ സ്ഥാനം മേടത്തിലാണെങ്കിൽ, അയാളുടെ ജന്മരാശി മേടമാകുന്നു. മേടത്തിൽ, ഏത് നക്ഷത്രത്തിലൂടെയായിരുന്നോ ചന്ദ്രന്റെ സഞ്ചാരം, അതാകും അയാളുടെ ജന്മനക്ഷത്രം.
മേടം ജന്മരാശി സവിശേഷതകൾ
ഭാരതീയ ജ്യോതിഷത്തിലെ കാലപുരുഷ സങ്കൽപ്പത്തിൽ, തലയുടെ സ്ഥാനത്താണ് മേടം. കരുത്തിന്റെയും ധൈര്യത്തിന്റെയും ഗ്രഹമായ ചൊവ്വയാണ് മേടരാശിയുടെ അധിപൻ. സൂര്യൻ മേടരാശിയിൽ ഉച്ചസ്ഥായിയായിരിക്കും.
മേടരാശിയിൽ ജനിച്ചവർ, പ്രസന്നവദനരും, ശുഭാപ്തിവിശ്വാസമുള്ളവരും, ഉർജ്ജസ്വലരരുമായിരിക്കും. ധൈര്യം, ആത്മവിശ്വാസം, നിശ്ചയദാർഢ്യം, സാഹസികത തുടങ്ങിയ ഗുണങ്ങളുമുള്ള ഇവർ, സദാ ഒന്നാമതെത്താൻ പരിശ്രമിക്കുകയും നേതൃസ്ഥാനങ്ങളിലേക്ക് ഉയർന്നുവരികയും ചെയ്യും. വെല്ലുവിളികൾ നേരിടുവാനും ഇഷ്ടപ്പെടുന്ന ഇവർ ഏതൊരു പ്രവർത്തിക്കും പ്രാരംഭംകുറിക്കാൻ സന്നദ്ധരായിരിക്കും. ഇവരോട് തർക്കിച്ച് ജയിക്കുക ബുദ്ധിമുട്ടായിരിക്കും. പുറമെ പരുക്കരായി തോന്നാമെങ്കിലും മേടരാശിക്കാർ നിഷ്കളങ്കരും പെട്ടെന്ന് സന്തോഷിക്കുന്നവരുമായിരിക്കും. തവിട്ട് കലർന്ന നിറത്തോടുകൂടിയ കണ്ണുകളാകും ഇവർക്കുള്ളത്. ബൃഹത് ജാതകപ്രകാരം, മേടം ലഗ്നത്തിൽ ജനിച്ചവർക്ക് ഉറച്ച ശരീരവും തിളക്കമുള്ള കണ്ണുകളുമുണ്ടാകും.
മേടം ജന്മരാശിക്കാർ പ്രായഭേദമേന്യ ഉർജ്ജസ്വലത പ്രകടിപ്പിക്കും. മുൻകോപം, അക്ഷമത, എടുത്ത്ചാട്ടം തുടങ്ങിയവയും ഇവർ പ്രകടിപ്പിക്കും. കായികഇനങ്ങൾ, നേതൃസ്ഥാനങ്ങൾ, വിലപിടിപ്പുള്ള വസ്ത്രങ്ങൾ എന്നിവയോട് ഒരു പ്രത്യേക ഇഷ്ടം ഇവർക്കുണ്ടാകും. ആലസ്യം, തെറ്റുകൾ, അപൂർണ്ണത എന്നിവ ഇവർ ഇഷ്ടപ്പെടുകയില്ല. ഏത് കാര്യത്തിലും മുൻപന്തിയിലെത്താനുള്ള ആഗ്രഹം ഇവർക്കുണ്ടാകും. തങ്ങൾക്ക് ലഭിക്കുന്ന സന്തോഷം, സമൃദ്ധി, അധികാരം എന്നിവ മറ്റുള്ളവരുമായി പങ്കിടാൻ ഇവർക്ക് താല്പര്യമുണ്ടാകും. സ്നേഹിച്ചാൽ അങ്ങേയറ്റം സ്നേഹിക്കുകയും, വെറുത്താൽ അങ്ങേയറ്റം വെറുക്കുകയും ചെയ്യുന്നവരാണ് മേടം രാശിക്കാർ.
തൊഴിൽ രംഗം
കായികമേഖല ഉൾപ്പെടെ വെല്ലുവിളികൾ നിറഞ്ഞ ഏത് മേഖലയും മേടരാശിക്കാർക്ക് ഉത്തമമാണ്. പോലീസ്, പട്ടാളം, മാനേജർ പദവികൾ ഇവർ ഇഷ്ടപ്പെടും. ലോഹം, അഗ്നി എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ഇവർക്ക് അനുയോജ്യമാണ്. എയർക്രാഫ്റ്റ് ഡിസൈനിങ്, പൈലറ്റ്, സമുദ്രവുമായി ബന്ധപ്പെട്ട തൊഴിൽ മേഖലകൾ, സമുദ്ര യാത്രകൾ എന്നിവയിൽ മേടരാശിക്കാർ പ്രാവീണ്യം തെളിയിക്കും. വെല്ലുവിളികൾ ഇവരെ കൂടുതൽ പ്രോത്സാഹിപ്പിക്കും. തങ്ങളുടേതായ വ്യക്തിപ്രഭാവത്താൽ, മറ്റുള്ളവരെ വരുതിക്ക് കൊണ്ടുവരാനും നയിക്കുവാനും ഇവർക്ക് സാധിക്കും. ആജ്ഞകൾ സ്വീകരിക്കുന്നതിനേക്കാൾ താല്പര്യം അവ നല്കുന്നതിലായിരിക്കും.
പൊരുത്തം
സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരും വലിയ ജീവിതലക്ഷ്യങ്ങളുമുള്ളവരാണ് മേടരാശിക്കാർ. സദാ ഉർജ്ജസ്വലരും തുറന്ന് സംസാരിക്കുന്നവരുമായ ഇവർക്ക് അനുയോജ്യരായ പങ്കാളികളെ സൂക്ഷ്മതയോടെ കണ്ടുപിടിക്കേണ്ടതാണ്. മേടരാശിക്കാർക്ക് അനുയോജ്യരായ നക്ഷത്രങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
പുരുഷന്മാരുടെ നക്ഷത്രം | സ്ത്രീകളുടെ നക്ഷത്രം |
അശ്വതി, ഭരണി | രോഹിണി & മകയിര്യം |
ഭരണി | തിരുവാതിര, പുണർതം |
അശ്വതി | പൂയ്യം, ആയില്യം |
അശ്വതി | പൂരം |
അശ്വതി | ഉത്രം |
അശ്വതി | അനിഴം |
ഭരണി | മൂലം |
ഭരണി, അശ്വതി | രേവതി |
ഭരണി, അശ്വതി | തിരുവോണം & ഉത്രാടം |
Previous: FREE Malayalam Astrology Lessons