രാശികൾ: കർക്കിടകം / കാൻസർ
രാശികളിൽ നാലാമത്തേതാണ് കർക്കിടകം (Cancer). രാശിചക്രത്തിൽ 90 ഡിഗ്രിക്കും 120 ഡിഗ്രിക്കുമിടയിൽ വരുന്ന കർക്കിടകത്തിന്റെ ചിഹ്നം ഞണ്ടാണ്. പഞ്ചഭൂതങ്ങളിൽ ജലവുമായി ബന്ധപ്പെട്ടിരിക്കുന്ന കർക്കിടകത്തിന്റെ രാശ്യാധിപൻ ചന്ദ്രനാണ്. ഇതിനാൽ തന്നെ, ദയ, അന്തർജ്ഞാനം, തീവ്രവും മാറിമറിയുന്നതുമായ വികാരങ്ങൾ എന്നിവ കർക്കിടകരാശിയുടെ പ്രത്യേകതയാണ്.
പുണർതം 1/4, പൂയം, ആയില്യം എന്നിവയാണ് കർക്കിടകരാശിയിലെ നക്ഷത്രങ്ങൾ. ഇതിൽ പൂയം നക്ഷത്രത്തിലെ ജനനം ഏറെ ശ്രേഷ്ഠമാണെന്നാണ് പൊതുവേയുള്ള വിശ്വാസം. കർക്കിടകരാശിക്കാരുടെ ജാതകത്തിൽ, കർക്കിടകം അഞ്ചാം ഭാവത്തിലാണെങ്കിൽ, വിദ്യാഭ്യാസപരമായി ഉന്നതിയിൽ എത്തും. കർക്കിടകം ഒമ്പതാം ഭാവത്തിലാണെങ്കിൽ, ജാതകൻ രാഷ്ട്രീയത്തിൽ ശോഭിക്കും. കർക്കിടകം പതിനൊന്നാം ഭാവത്തിലാണെങ്കിൽ, തുടങ്ങുന്ന സംരംഭങ്ങളിലെല്ലാം വിജയിക്കും. ദൈവവിശ്വാസവും ആത്മീയതയോടുള്ള താല്പര്യവും ജീവിതത്തിൽ തുണയാകും. കർക്കിടകരാശിയിലെ സ്ത്രീകൾക്ക്, ഭജന, കീർത്തനം തുടങ്ങിയ ആത്മീയപരിപാടികളിലൂടെ ജീവിതവിജയം സാധ്യമാണ്.
കർക്കിടകരാശി സവിശേഷതകൾ
ആഴത്തിലുള്ള വികാരം, ആത്മാർത്ഥത, രക്ഷകർത്താബോധം എന്നിവ കർക്കിടകരാശിക്കാരുടെ പ്രത്യേകതയാണ്. മറ്റുള്ളവരുടെ മനസ്സും ചിന്തയും വായിച്ചെടുക്കാനുള്ള ഒരു അസാമാന്യ കഴിവ് ഇവർക്കുണ്ടാകും. ഈ അന്തർബോധത്താലുള്ള പെരുമാറ്റം മൂലം ഇവർ ലോലഹൃദയരാണെന്ന് മറ്റുള്ളവർ വിചാരിച്ചേക്കാം. മറക്കുകയും മാപ്പ് നൽകുകയും ചെയ്യുന്ന പ്രകൃതക്കാരല്ല കർക്കിടകരാശിക്കാർ.
അങ്ങേയറ്റം ആത്മാർത്ഥതയുള്ളവരാണ് കർക്കിടകരാശിക്കാർ. സ്നേഹിച്ചാൽ അങ്ങേയറ്റം സ്നേഹിക്കുകയും വെറുത്താൽ അങ്ങേയറ്റം വെറുക്കുകയും ചെയ്യുന്നവർ. തങ്ങളുടെ വികാരത്തെ വൃണപ്പെടുത്തിയാൽ ഏതുവിധേനയും പകരംവീട്ടാൻ ഇവർ ശ്രമിച്ചെന്നിരിക്കും. ഒരു സുഹൃത്ത് അല്ലെങ്കിൽ പങ്കാളി എന്നനിലയിൽ ഏറെ രസികരാണ് കർക്കിടകരാശിക്കാർ. തമാശയും വിനോദങ്ങളും സാഹസങ്ങളും ഇഷ്ടപ്പെടുന്ന ഇവർ കൂടെയുള്ളവരെ രസിപ്പിക്കും. എന്നാൽ ഈ സ്വഭാവം പെട്ടെന്ന് മാറിമറിഞ്ഞെന്നുമിരിക്കും. ആത്മാർത്ഥത കാണിക്കുന്നതിനൊപ്പം, തിരിച്ചും ചിലതൊക്കെ പ്രതീക്ഷിക്കുന്നവരാണ് ഈ രാശിക്കാർ. അതുണ്ടാകാത്തപക്ഷം, ഇവർ നിങ്ങളെ വെറുത്തെന്നും വരും. മറ്റുള്ളവരിൽ നിന്നും ശ്രദ്ധയും, സഹതാപവും, പ്രോത്സാഹനവും പ്രതീക്ഷിക്കുന്നവരാണ് ഇവർ. തങ്ങൾക്കുവേണ്ട സ്നേഹവും പരിഗണനയും ലഭിച്ചില്ല എന്ന പരാതി ഇവർക്കുണ്ടാകും.
അമ്മയുടെ സ്വാധീനം കർക്കിടകരാശിക്കാരിൽ കൂടുതലായിരിക്കും. തങ്ങൾ ജനിച്ചുവളർന്ന നാട്ടിൽതന്നെ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇവർ. സ്വന്തം കുടുംബാംഗങ്ങളെയും ബന്ധുക്കളെയും പഴയസുഹൃത്തുക്കളെയും ചുറ്റും കാണാൻ ഇവർ ആഗ്രഹിക്കും. സ്വന്തം സൗന്ദര്യത്തിലും, വീടും പരിസരവും സുന്ദരമായി കാത്തുസൂക്ഷിക്കുന്നതിലും ഇവർ തർപ്പരരായിരിക്കും. കലാവാസനയും ചിന്താശേഷിയുമുള്ള ഇവർ സൗന്ദര്യാരാധകർ കൂടിയായിരിക്കും.
സഹതാപം, ഉത്തരവാദിത്വബോധം, സ്ഥിരോത്സാഹം തുടങ്ങിയ ഗുണങ്ങൾ ഇവർക്കുണ്ടാകും. അമിതമായ മത്സരബുദ്ധി, അമിതമായ വികാരങ്ങൾ, ആശയവിനിമയത്തിലെ അപര്യാപ്തത, രഹസ്യസ്വഭാവം, പരദൂഷണം തുടങ്ങിയവയാണ് ഇവർക്കുണ്ടാകുന്ന പോരായ്മകൾ. കുട്ടികളോട് ഇടപഴകുക, ആതിഥേയത്വം വഹിക്കുക, കലാപ്രദർശനം, ഇൻഡോർ മത്സരങ്ങൾ തുടങ്ങിയവ ഇവർ ഇഷ്ടപ്പെടും.
കർക്കിടകരാശിയിലെ സ്ത്രീകൾ, സ്നേഹസമ്പന്നരും മൃദുലവികാരങ്ങൾ ഉള്ളവരുമായിരിക്കും. മറ്റുള്ളവരാൽ സ്നേഹിക്കപ്പെടാനും സംരക്ഷിക്കപ്പെടുവാനും ഇഷ്ടപ്പെടുന്നവരാകും ഇവർ. പുറമെ കാണുന്ന മൃദുലതയ്ക്ക് വിപരീതമായി, ഒരു പരുക്കൻ സ്വഭാവവും ഇവർക്കുണ്ടാകും.
കാലപുരുഷ സങ്കല്പത്തിൽ, മാറ്, ഉദരം എന്നിവയെയാണ് കർക്കിടകം പ്രതിനിധീകരിക്കുന്നത്. ചൊവ്വാഴ്ചകളും, ചന്ദ്രമാസത്തിലെ 2, 7, 12 തീയതികളും കർക്കിടകരാശിക്കാർക്ക് നല്ലതല്ല. അനിഴം നക്ഷത്രവും ഇവർക്ക് ശുഭകരമല്ല. വെള്ളയും, ചാരനിറവുമാണ് ഇവരുടെ ഭാഗ്യവർണ്ണങ്ങൾ. മുത്ത്, ക്ഷീരസ്ഫടികം / മേഘവർണ്ണക്കല് എന്നിവയിൽ ഏതെങ്കിലും പതിച്ച വെള്ളി ആഭരണങ്ങൾ ധരിക്കുന്നത് നല്ലതായിരിക്കും.
തൊഴിൽ രംഗം
തങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷയാണ് കർക്കിടകരാശിക്കാർക്ക് ഏറ്റവും പ്രധാനം. വീട്ടിൽനിന്നും അകന്ന് നിൽക്കേണ്ടിവരുന്ന ജോലികൾ ഇവർ ഇഷ്ടപ്പെടുകയില്ല. ഹോട്ടൽ മേഖല, റസ്റ്റോറെന്റുകൾ, കുട്ടികളുമായി ബന്ധപ്പെട്ട മേഖലകൾ എന്നിവ ഇവർ ഇഷ്ടപ്പെടും. ജലം, കടൽ, വെള്ളി തുടങ്ങിയവയുമായി ബന്ധപ്പെട്ട തൊഴിലുകൾ കർക്കിടകരാശിക്കാർക്ക് അനുയോജ്യമാണ്. തങ്ങളുടെ നൈസർഗ്ഗികമായ അന്തർബോധത്താൽ, കലാമേഖലയിലും കോർപ്പറേറ് മേഖലകളിലും വിജയിക്കാൻ ഇവർക്ക് സാധിക്കും. ഫ്രീലാൻസ് എഴുത്ത്, എഡിറ്റിങ്, ചിത്രരചന തുടങ്ങിയ വീട്ടിൽനിന്നും ചെയ്യാവുന്ന ജോലികൾ ഇവർ ഇഷ്ടപ്പെടും. ഇന്റീരിയർ ഡിസൈനിങ്, ആർട്ട് ഡയറക്ഷൻ, കമ്പ്യൂട്ടർ പ്രോഗ്രാമിങ്, മത്സ്യകൃഷി, വീട്ടിൽനിന്നും ചെയ്യാവുന്ന ബിസിനസ്സുകൾ തുടങ്ങിയവ കർക്കിടകരാശിക്കാർക്ക് അനുയോജ്യമായ തൊഴിലുകളാണ്.
പൊരുത്തം
കർക്കിടകരാശിക്കാർക്ക്, വൃശ്ചികരാശിക്കാരുമായും, മറ്റ് കർക്കിടകരാശിക്കാരുമായും നല്ല പൊരുത്തമാണുള്ളത്. മേടം, തുലാം രാശിക്കാരുമായി ഇവർക്ക് പൊരുത്തം കുറവാണ്. പുണർതം 1/4, പൂയം, ആയില്യം എന്നിവയാണ് കർക്കിടകരാശിയിലെ നക്ഷത്രങ്ങൾ. കർക്കിടകരാശിയിലെ പുരുഷന് അനുയോജ്യമായ സ്ത്രീ നക്ഷത്രങ്ങളാണ് താഴെ പറയുന്നത്.
പുരുഷൻ | സ്ത്രീ |
പുണർതം, പൂയം, ആയില്യം | അശ്വതി, ഭരണി, കാർത്തിക, രോഹിണി,
ഉത്രം, ഉത്രാടം, തിരുവോണം |
Previous: മിഥുനം – വേദ ജ്യോതിഷ സവിശേഷതകൾ