രാശിചക്രം (Zodiac)
ഭൂമി, 24 മണിക്കൂർ സമയംകൊണ്ട്, അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം ചുറ്റുന്നു. ഒരു വർഷം (കൃത്യമായി പറഞ്ഞാൽ 1 വർഷവും 8 മണിക്കൂറും) കൊണ്ട് സൂര്യന് ചുറ്റും ഒരു പ്രദക്ഷിണവും വയ്ക്കുന്നു. സൂര്യചന്ദ്രന്മാരുടെയും, നക്ഷത്രങ്ങളുടെയും, മറ്റ് ഗ്രഹങ്ങളുടെയും ഭൂമിക്കും അതിലെ ജീവജാലങ്ങൾക്കും മേലുള്ള സ്വാധീനത്തെക്കുറിച്ച് പഠിക്കുന്ന പുരാതന ശാസ്ത്രശാഖയാണ് ജ്യോതിഷം. ഭൂമിയിൽ നിന്നും വീക്ഷിക്കുമ്പോൾ, സൂര്യനും, ചന്ദ്രനും, ഗ്രഹങ്ങളുമെല്ലാം ഒരു സാങ്കല്പിക ആകാശഗോളത്തിന്റെ പ്രതലത്തിലൂടെ ഭൂമിയെ വലംവയ്ക്കുന്നു എന്നുപറയാം. ഈയൊരു കാഴ്ചപ്പാടിലൂന്നിയാണ് ജ്യോതിഷശാസ്ത്രം ചിട്ടപ്പെടുത്തിയിട്ടുള്ളത്.
സൂര്യന്റെ സാങ്കല്പിക സഞ്ചാരപഥത്തെ എക്ലിപ്റ്റിക് (ECLIPTIC) എന്ന് പറയുന്നു. ഈ സഞ്ചാരപഥത്തിന്റെ രണ്ടു വശവും 8 ഡിഗ്രി വരെ വ്യാപിച്ചിരിക്കുന്ന ആകാശപഥത്തിനെ രാശിചക്രം (ZODIAC) എന്ന് പറയുന്നു. ഈ രാശിചക്രത്തിലെ അഥവാ Zodiac Belt ലെ ഗ്രഹങ്ങളും നക്ഷത്രങ്ങളുമെല്ലാം ഭൂമിയിലെ ജീവജാലങ്ങളെ സ്വാധീനിക്കുന്നു. സൂര്യനും ചന്ദ്രനും മറ്റ് ഗ്രഹങ്ങളുമെല്ലാം ഇതിലൂടെ നമുക്ക് ചുറ്റുമായി സഞ്ചരിക്കുന്നു.
രാശിചക്രം, പേര് സൂചിപ്പിക്കുന്നപോലെ ഭൂമിക്ക് ചുറ്റുമായുള്ള ഒരു ചക്രം അല്ലെങ്കിൽ വൃത്തമാകുന്നു. ഇതിൽ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥിതി മനസ്സിലാക്കുവാൻ ഒരു ആരംഭസ്ഥാനം ആവശ്യമാണ് . നക്ഷത്ര സമൂഹത്തിലെ അവസാന നക്ഷത്രമായ രേവതിയുടെ അന്തൃപാദത്തിന്റെ അവസാനത്തിൽ നിന്ന് വൃത്തത്തിന്റെ ഒന്നാമത്തെ ഡിഗ്രീ തുടങ്ങുന്നതായി ഭാരതീയ ജ്യോതിഷം കണക്കാക്കുന്നു. ഈ ആരംഭ സ്ഥാനത്ത് നിന്നും രാശിചക്രത്തെ 30 ഡിഗ്രി വീതമുളള 12 സമഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഈ 12 ഭാഗങ്ങളെയാണ് രാശികൾ എന്ന് പറയുന്നത്. രാശിചക്രത്തിലെ നക്ഷത്രങ്ങളെ 27 നക്ഷത്രസമൂഹങ്ങളായി വിഭജിച്ചിരിക്കുന്നു. അതായത്, 12 രാശികളിലായി 27 നക്ഷത്രങ്ങൾ; ഒരു രാശിയിൽ 2 ¼ (2.25) നക്ഷത്രങ്ങൾ (27 / 12 = 2 ¼ ). ഭാരതീയ ജ്യോതിഷം 12 രാശികളെയും, 27 നക്ഷത്രങ്ങളേയും, 9 ഗ്രഹങ്ങളേയും അടിസ്ഥാനമാക്കിയുളളതാണ്.
12 രാശികൾ – മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം.
9 ഗ്രഹങ്ങൾ – സൂര്യൻ, ചന്ദ്രൻ , കുജൻ (ചൊവ്വ), ബുധൻ , ഗുരു (വ്യാഴം), ശുക്രൻ , ശനി (മന്ദൻ), രാഹു , കേതു. ഇവയിൽ രാഹുവിനും, കേതുവിനും സ്ഥുല ശരീരം ഇല്ല. അവ ഛായാ ഗ്രഹങ്ങളാണ്.
27 നക്ഷത്രങ്ങൾ – അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉതൃട്ടാതി, രേവതി.
Previous: ജ്യോതിഷ സമയ കണക്കുകൂട്ടലിന്റെ ഘടകങ്ങൾ