ഗുളികൻ അഥവാ മാന്ദി
ഭാരതീയ ജ്യോതിഷത്തിലെ ജ്യോതിഷഫലഭാഗത്തിൽ അദൃശ്യമായ ചില ഉപഗ്രഹങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. കാല, പാരിധി, ധൂമ, അർദ്ധപ്രഹര, യമകണ്ടക, ഇന്ദ്രജാല, ഗുളികൻ (മാന്ദി), വ്യതിപാത, ഉപകേതു തുടങ്ങിയവയാണത്. ഇത് കൂടാതെ, ഉഷ്ണശിഖ, വിഷ്ടി, ഏകാർഗ്ഗളം തുടങ്ങിയ ഉപഗ്രഹങ്ങളെയും ഫലപ്രാപ്ത മുഹൂർത്താദികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉപഗ്രഹങ്ങളിൽ ഏറ്റവും പ്രധാനിയാണ് ഗുളികൻ അഥവാ മാന്ദി. ഗുളികൻ ഏറ്റവും ശക്തമായ പാപിയും, മറ്റ് ഉപഗ്രഹങ്ങളെ നയിപ്പിക്കുന്നവനുമാകുന്നു. ശനിയുടെ പുത്രനായി സങ്കല്പിച്ചിട്ടുള്ള ഗുളികൻ, പാപത്തിന്റെയും ക്രൂരതയുടെയും മൂർത്തീഭാവമാകുന്നു. അവൻ നാശത്തെയും മരണത്തെയും പ്രതിനിധീകരിക്കുന്നു.
അദൃശ്യനായ ഗുളികൻ, ഓരോ ദിവസവും, പകലും രാത്രിയുമായി രണ്ട് പ്രാവശ്യം ഉദിക്കുന്നു. ഗുളികന്റെ ഉദയം ഓരോ ദിവസവും സൂര്യോദയത്തിൽ നിന്നും, അസ്തമനത്തിൽ നിന്നും ഒരു നിശ്ചിത സമയത്താകുന്നു.
ദിവസം | പകൽ | രാത്രി |
ഞായർ | 26 നാഴിക | 10 നാഴിക |
തിങ്കൾ | 22 നാഴിക | 6 നാഴിക |
ചൊവ്വ | 18 നാഴിക | 2 നാഴിക |
ബുധൻ | 14 നാഴിക | 26 നാഴിക |
വ്യാഴം | 10 നാഴിക | 22 നാഴിക |
വെളളി | 6 നാഴിക | 18 നാഴിക |
ശനി | 2 നാഴിക | 14 നാഴിക |
പകൽ 30 നാഴികയും രാത്രി 30 നാഴികയും എന്ന കണക്കിലാണ് മുകളിലത്തെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. യഥാർത്ഥ ദിനമാനം, രാത്രിമാനം എന്നിവയനുസരിച്ച് ഗുളികോദയ സമയത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതാണ്.
Previous: പഞ്ചാംഗം