മിഥുനം – വേദ ജ്യോതിഷ സവിശേഷതകൾ

മിഥുനം - വേദ ജ്യോതിഷ സവിശേഷതകൾ

രാശികൾ: മിഥുനം / ജെമിനി

രാശിചക്രത്തിൽ, 60 ഡിഗ്രിക്കും 90 ഡിഗ്രിക്കുമിടയിൽ വരുന്ന രാശിയാണ് മിഥുനം (Gemini); അതായത് മൂന്നാമത്തെ രാശി. പഞ്ചഭൂതങ്ങളിൽ വായുവുമായി ബന്ധപ്പെട്ടിട്ടുള്ള മിഥുനരാശിയുടെ അടയാളംഇരട്ടകളാണ്‘. അറിവ്, പഠനം, ശിക്ഷണം, ധനം, പുസ്തകരചന എന്നിവയെ പ്രതിനിധീകരിക്കുന്ന ബുധനാണ് ജെമിനിയുടെ രാശ്യാധിപൻ.

astrovision

മിഥുനം ജന്മരാശി: സവിശേഷതകൾ

ചഞ്ചലമായ പ്രകൃതമുള്ളവരാണ് മിഥുനം രാശിക്കാർ. ഇവരുടെ സ്വഭാവം പലപ്പോഴും പ്രവചനാതീതമായിരിക്കും. സ്വതന്ത്രരായി നടന്ന് പുതിയപുതിയ സാധ്യതകൾ കണ്ടെത്തുവാൻ ഇഷ്ടപ്പെടുന്നവരാണ് ഇവർ. ആശയവിനിമയം, ആവിഷ്കാരം, വിജ്ഞാനത്തിന്റെ പുതിയ മേഖലകൾ എന്നിവയിലോട്ട് ആകർഷിക്കപ്പെടും. പൊതുവെ വാചാലരായിരിക്കും ഇവർ. ബന്ധങ്ങൾ വിപുലീകരിക്കുവാനും വിനോദങ്ങളിൽ ഏർപ്പെടുവാനും ഇവർ തല്പരരായിരിക്കും

പുതുമകൾ തേടി പോകുന്ന ഇവർ സഞ്ചരിക്കുവാനും ഇഷ്ടപ്പെടുന്നവരാണ്. പുതിയതായി എന്തെങ്കിലും അറിയുവാനോ കണ്ടെത്തുവാനോ ഇല്ലാത്തടത്തോളം ഒരു സ്ഥലത്ത് തന്നെ ഒതുങ്ങിക്കൂടുക ഇവർക്ക് ബുദ്ധിമുട്ടായിരിക്കും. മാറ്റങ്ങൾ ഇഷ്ടപ്പെടുന്ന ഇവർ, പുതിയ സാഹചര്യങ്ങളോട് വേഗത്തിൽ പൊരുത്തപ്പെടും.

സ്ഥിരത ഇല്ലായ്മയാണ് മിഥുനരാശിക്കാരുടെ ഏറ്റവും വലിയ പ്രശ്നം. അറിവും ബുദ്ധിയും ഉള്ളവരാണെങ്കിൽക്കൂടിയും അത് ഉപയോഗിക്കുന്ന കാര്യത്തിൽ, മിഥുനരാശിക്കാർ പരാജയപ്പെട്ടേക്കാം. പുസ്തകത്തിൽ നിന്നുള്ള അറിവുകൾക്കപ്പുറം അത് നടപ്പിലാക്കാൻ, അല്ലെങ്കിൽ പ്രയോജനപ്പെടുത്താൻ പ്രത്യേകം പഠിക്കേണ്ടതായിവരും. അമിതമായ ജിജ്ഞാസയും, ചഞ്ചലമായ മനസ്സും മൂലം അധികനേരം ഒരു കാര്യത്തിൽ ശ്രദ്ധിക്കുവാൻ ഇവർക്ക് കഴിയാറില്ല. കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നതിന് ഇത് തടസ്സമാകും. ക്ഷമാശീലവും, ചെയ്യുന്ന കാര്യത്തിൽ നിന്നും വ്യതിചലിക്കാതെ ശ്രദ്ധ കേന്ദ്രീകരിക്കുവാനും പഠിച്ചാൽ മിഥുനരാശിക്കാർക്ക് നിഷ്പ്രയാസം ജീവിതവിജയങ്ങൾ കൈവരിക്കുവാൻ സാധിക്കും.

കാലപുരുഷ സങ്കല്പത്തിൽ, മിഥുനരാശി തോളും, കൈകളും, ശ്വാസകോശവും നിയന്ത്രിക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ മിഥുനരാശിക്കാർ കൂടുതൽ സൂക്ഷിക്കണം. ശ്വസനശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്ന വ്യായാമങ്ങൾ പരിശീലിക്കുന്നത് നല്ലതായിരിക്കും.

തൊഴിൽ രംഗം

 ചഞ്ചലമായ പ്രകൃതമുള്ള മിഥുനരാശിക്കാർക്ക് തിരക്കുള്ള അല്ലെങ്കിൽ എപ്പോഴും എന്തെങ്കിലും ചെയ്യേണ്ടതായിട്ടുള്ള ജോലികൾ അനുയോജ്യമായിരിക്കും. ആശയവിനിമയം, അധ്യാപനം തുടങ്ങിയ മേഖലകൾ ഇവർക്ക് ഏറെ അനുയോജ്യമാണ്. മികച്ച ഒരു അദ്ധ്യാപകൻ ആകാൻ ഇവർക്ക് കഴിയും. ആഴത്തിലുള്ള വിശകലനങ്ങൾ ആവശ്യമായ തൊഴിൽ മേഖലകളിലും ഇവർ വിജയം കൈവരിക്കും. വാഹനം, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ടിട്ടുള്ളതും യാത്രകൾ ചെയ്യേണ്ടതായിട്ടുള്ളതുമായ ജോലികൾ ഇവർ ഇഷ്ടപ്പെടും.

ബുധൻ രാശ്യാധിപൻ ആയതിനാൽ ഭാഷ, ആശയവിനിമയം തുടങ്ങിയ മേഖലകളിൽ ഇവർ പ്രാവീണ്യം തെളിയിക്കും. പല ഭാഷകൾ പഠിക്കുവാനും പരിഭാഷപ്പെടുത്തുവാനും ഇവർക്ക് കഴിയും. സാഹിത്യം, പത്രപ്രവർത്തനം, നാടകരചന, പ്രൂഫ് റീഡിങ് തുടങ്ങിയ തൊഴിലുകൾ അനുയോജ്യമായിരിക്കും. ആശയവിനിമയവുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതികതലങ്ങളിലും ഇവർ തല്പരരായിരിക്കും. മാധ്യമം, ടിവി, സിനിമ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കും. കലവിനോദ പരിപാടികളുടെ സംഘാടകരാകാനും ഇവർക്ക് കഴിയും

മിഥുനരാശിക്കാർ പലവിധ  തൊഴിലുകൾ പഠിക്കുകയും അഭ്യസിക്കുകയും ചെയ്യും. ഒരേസമയം ഒന്നിൽക്കൂടുതൽ ജോലികൾ ചെയ്യാൻ കഴിവുള്ള ഇവർക്ക് റിസപ്ഷനിസ്റ്, പിഎ ജോലികളും അനുയോജ്യമായിരിക്കും.

പൊരുത്തം

വിവാഹപൊരുത്തം നോക്കുമ്പോൾ നക്ഷത്രപ്പൊരുത്തം പ്രധാനമാണെങ്കിലും, ജാതക സംബന്ധമായ മറ്റുവസ്തുതകളും വിശകലനം ചെയ്യേണ്ടതാണ്. മകയിരം 1/2, തിരുവാതിര, പുണർതം എന്നിവയാണ് മിഥുനം രാശിയിലെ നക്ഷത്രങ്ങൾ. മിഥുനം രാശിയിലെ പുരുഷന് അനുയോജ്യമായ സ്ത്രീ നക്ഷത്രങ്ങളാണ് താഴെ പറയുന്നത്.                                                          

പുരുഷൻ സ്ത്രീ
തിരുവാതിര, പുണർതം ഭരണി 
മകയിരം,തിരുവാതിര, പുണർതം രോഹിണി 
മകയിരം,തിരുവാതിര, പുണർതം മകം, പൂരം, ഉത്രം, അത്തം, ചിത്തിര 
മകയിരം,തിരുവാതിര, പുണർതം ചോതി,വിശാഖം,ഉത്രാടം, തിരുവോണം 
മകയിരം,തിരുവാതിര, പുണർതം രേവതി

View in English

View in Tamil

Previous: ഇടവം രാശി – വേദ ജ്യോതിഷ സവിശേഷതകൾ