ശുഭഗ്രഹങ്ങൾ, പാപഗ്രഹങ്ങൾ, പക്ഷബലങ്ങൾ
ശുഭഗുണങ്ങൾ പ്രതാനം ചെയ്യുന്ന ഗ്രഹങ്ങളെ പൊതുവെ ശുഭഗ്രഹങ്ങൾ എന്ന് പറയുന്നു. ചന്ദ്രൻ, ബുധൻ, ഗുരു, ശുക്രൻ എന്നിവ ശുഭഗ്രഹങ്ങൾ ആണ്. കറുത്ത പക്ഷത്ത് വരുന്ന പക്ഷബലമില്ലാത്ത ചന്ദ്രനെ ശുഭഗ്രഹമായി കണക്കാക്കാറില്ല. എന്നാൽ ശുഭന്മാരുടെ യോഗമോ, ദൃഷ്ടിയോ ഉണ്ടെങ്കിൽ ശുഭനായിത്തീരുകയും ചെയ്യും. പാപഗ്രഹങ്ങളോട് യോഗം ചെയ്തിട്ടുള്ള ബുധനെ പാപിയായി കണക്കാക്കുന്നു.
ശനി, രവി, കുജൻ, രാഹു, കേതു, ഗുളികൻ, പക്ഷ ബലമില്ലാത്ത ചന്ദ്രൻ, പാപയോഗം ചെയ്ത ബുധൻ ഇവയെല്ലാം പാപഗ്രഹങ്ങളാണ്.
പക്ഷബലം
ചന്ദ്രനെ അടിസ്ഥാനമാക്കിയാണ് പക്ഷബലം നിശ്ചയിക്കുന്നത്. ഭൂമിയോട് ഏറ്റവുമടുത്ത്, ഭൂമിക്കും, സൂര്യനും ഇടയിൽ സ്ഥിതി ചെയ്യുന്നതിനാൽ, ലഗ്നത്തെപ്പോലെ, ചന്ദ്രനേയും ഫലനിർണ്ണയത്തിൽ പ്രത്യേകം നോക്കേണ്ടിയിരിക്കുന്നു.
വെളുത്ത പക്ഷത്തിലെ പ്രഥമ മുതൽ ദശമി വരെ (അതായത് കറുത്തവാവ് കഴിഞ്ഞ് പിറ്റേ ദിവസം മുതൽ 10 ദിവസംവരെ) ചന്ദ്രന് മധ്യബലമാണുള്ളത്. പിന്നീട് ഇത് ക്രമേണ വർദ്ധിക്കുന്നു. അതായത്, ഏകാദശി മുതൽ വെളുത്തവാവ് കഴിഞ്ഞ് വരുന്ന കറുത്ത പക്ഷത്തിലെ പഞ്ചമി (10 ദിവസം) വരെ ചന്ദ്രന് ബലം കൂടുതലായിരിക്കും. ഇതിനെയാണ് ചന്ദ്രന്റെ പക്ഷബലം അഥവാ പക്ഷബലമുളള ചന്ദ്രൻ എന്നുപറയുന്നത്. കറുത്ത പക്ഷത്തിലെ ഷഷ്ഠി മുതൽ കറുത്തവാവ് കഴിയും (10 ദിവസം) വരെ ചന്ദ്രന് പക്ഷബലമില്ലായിരിക്കും. ഇതിനെ പക്ഷബലമില്ലാത്ത ചന്ദ്രൻ എന്നുപറയുന്നു.
കാലപുരുഷാവയവവിഭാഗം
ഒന്നാം ഭാവം, മേടം കാലപുരുഷന്റെ ശിരസ്സ്
രണ്ടാം ഭാവം, ഇടവം കാലപുരുഷന്റെ മുഖം
മൂന്നാം ഭാവം, മിഥുനം കാലപുരുഷന്റെ ഉരസ്സ് (മുഖത്തിനു താഴെയും കൈകളുടെ ഇടയ്ക്കുമുളള ഭാഗം)
നാലാം ഭാവം, കർക്കിടകം ഹൃദയം
അഞ്ചാം ഭാവം, ചിങ്ങം കാലപുരുഷന്റെ വയറ് (നാഭി വരെയുളള ഭാഗം)
ആറാം ഭാവം, കന്നി കാലപുരുഷന്റെ അരക്കെട്ട്
ഏഴാം ഭാവം, തുലാം കാലപുരുഷന്റെ വസ്തി (ലിംഗനാഭിയുടെ മധ്യം മുതൽ ലിംഗമൂലം വരെ)
എട്ടാം ഭാവം, വൃശ്ചികം കാലപുരുഷന്റെ ഗുഹ്യം (ലിംഗമൂലം തൊട്ട് ഗുദം വരെ)
ഒൻപതാം ഭാവം, ധനു കാലപുരുഷന്റെ തുടകൾ
പത്താം ഭാവം, മകരം കാലപുരുഷന്റെ മുട്ടുകൾ
പതിനൊന്നാം ഭാവം, കുംഭം കാലപുരുഷന്റെ കണങ്കാല്
പന്ത്രണ്ടാം ഭാവം, കന്നി കാലപുരുഷന്റെ പാദങ്ങൾ
Previous: വേലിയേറ്റവും വേലിയിറക്കവും